2018 ജനുവരി 14, ഞായറാഴ്‌ച

ഓർമ്മകൾ...

കാലത്തിനോ നേരത്തിനോ മുഖം നൽകാതെ
തികട്ടിയെത്തുന്ന ഒരുപറ്റം ഓർമ്മകൾ...
നിന്റെ ശ്വാസം തങ്ങിനിൽക്കുന്ന
മുറിയിൽ അവ പരസ്പരം കലഹിക്കുകയാണ്...

പതിവു പോലെ നീ തന്നെയാണ്
ഇന്നത്തെയും തർക്ക വിഷയം...
നിന്റെ മീശരോമങ്ങളെ കുറിച്ചാണ് പറയുന്നത്....
നരച്ചു തുടങ്ങിയ അവയിലെ ഒറ്റരോമത്തിന്റെ
അവകാശ തർക്കമാണിവിടെ.....

അന്നൊരിക്കൽ നീയെനിക്ക് തീറെഴുതി തന്നവ
ഓർമ്മകൾക്ക് മറിച്ചു നൽകിയത്രേ...
പ്രണയത്തിന്റെ കയത്തിൽ മുങ്ങിത്താഴുമ്പോൾ
പ്രമാണത്തിൽ നീ രക്തത്താൽ ഒപ്പുവച്ചുവത്രേ...


ഓർമ്മകളുടെ വാദ പ്രതിവാദങ്ങൾ
ഉയർന്നു കേൾക്കുന്നു...
ആരെയൊക്കെയോ വിസ്തരിക്കുന്നു....
മുറിയിൽ കരച്ചലിന്റെ മാറ്റൊലി...

വാദപ്രതിവാതങ്ങൾക്കപ്പുറം
അന്തിമ വിധിയാണ് പറയേണ്ടത്...

കാതോർത്ത് നോക്കൂ...

നീ പടിയിറങ്ങിപ്പോയതോടെ
സ്വപ്നങ്ങളൾ പോലും എനിക്കന്യമായെന്ന്
വിധി വന്നിരിക്കുന്നു...

മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളും
നിന്നെ നീയാക്കുന്ന നീണ്ട താടിയും
എന്റേതല്ലാതായിരിക്കുന്നു....
ഓർമ്മകൾ പടവെട്ടി വിജയമറിയുമ്പോൾ

നമ്മൾ ഞാനും നീയുമായി
വേഷം അഴിച്ചു വയ്ക്കുന്നു....
#love #you



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  നടന്നു തുടങ്ങും തോറും ദൂരം പിന്നോട്ടേക്കൊഴുകുന്നൊരു കാലത്തിലാണ് ഞാൻ.... തൊട്ടപ്പുറത്തിരിക്കുന്ന മനുഷ്യൻ എന്റെ പ്രതിഭിംഭമാണ്. ഒരക്ഷരം പറയാത...