മഞ്ഞുമഴയിൽ കുളിച്ചു നിൽക്കുന്ന വനത്തിന്റെ മാറിലേക്ക് കാൽവെയ്ക്കുമ്പോൾ സ്വാഗതമരുളാൻ ആദ്യമെത്തിയതൊരു മലയണ്ണാനായിരുന്നു. കാട്ടരുവിയുടെ ഈണത്തിനൊത്ത് അവന്റെ വാലുകൾ ആടിയുലഞ്ഞു. കാടിനെ വണങ്ങിയുള്ള യാത്രയിലെ ആദ്യത്തെ അതിഥേയൻ.
കൂറ്റൻ മരത്തിനു മുകളിലെ കൂടിനരികിൽ നിന്ന് അവൻ പതിവില്ലാത്ത അതിഥികളെ കണ്ടിട്ടെന്നോണം ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഓടി മറഞ്ഞു. അടുത്തുള്ള ഏതോ ഒരു മരത്തിലെ മറ്റൊരു കൂട്ടിൽ അവന്റെ ഇണയും കുഞ്ഞുമുണ്ടാവുമെന്ന് കൂടെയുള്ള ആരോ പറയുന്നുണ്ടായിരുന്നു.
അതിഥികളുടെ കണ്ണിലേക്ക് ഒരു തുള്ളി മഞ്ഞിൻ കണം സമ്മാനമായി നൽകാനും അവൻ മറന്നില്ല. ആ മഞ്ഞുതുള്ളിയുടെ നിർമ്മലതയാണ് നെല്ലിയാമ്പതിയുടെ വശ്യതകളെ നെഞ്ചിൽ നിറയ്ക്കാനുള്ള ഞങ്ങളുടെ യാത്രയിലെ ആദ്യ സമ്മാനം. പിന്നീടങ്ങോട്ട് പ്രകൃതി തന്നെ ആർക്കും കൈയ്യെത്താദൂരത്തൊരുക്കി വച്ച മഞ്ഞുകൂടാരത്തിലെ പച്ചപ്പിലേക്ക് ഞങ്ങൾ നടന്നു നീങ്ങുകയായിരുന്നു.
മഞ്ഞിലലിഞ്ഞ്
നെല്ലിയാമ്പതിയെ അറിയാൻ നെന്മാറയിൽ നിന്ന് വണ്ടി പിടിക്കുമ്പോൾ മനസിൽ വനസൗന്ദര്യം ഒപ്പിയെടുക്കാനുള്ള ആകാംക്ഷയായിരുന്നു. ഒപ്പം ഒരു കൂട്ടം പ്രകൃതി സ്‌നേഹികളൊരുക്കിയ ക്യാമ്പിന്റെ ഭാഗമാവുക. നെന്മാറയിൽ നിന്ന് 34 കിലോമീറ്ററോളം മുകളിലേക്ക് കയറണം നെല്ലിയാമ്പതിയെത്താൻ. മഞ്ഞിന്റെ കുളിർ നെഞ്ചിലൊളിപ്പിച്ചിരിക്കുമ്പോൾ ഇരുട്ടിനൊപ്പം കോടമഞ്ഞും ഏറി വന്നു. അങ്ങു ദൂരെ മഞ്ഞിലും ഇരുട്ടിലും നെല്ലിയാമ്പതിയിലെ മലനിരകൾ കണ്ണിൽ തെളിഞ്ഞു തുടങ്ങി. 22 കിലോമീറ്റർ നിരവധി ഹെയർപിൻ വളവുകളോട് കൂടിയതാണ് നെല്ലിയാമ്പതി ചുരം. ഇവ കടന്ന് നീങ്ങുമ്പോൾ വഴിയരികിലെ ദേവീക്ഷേത്രത്തിനരികിൽ കുറേയേറെ കുരങ്ങന്മാർ. അതിലൊരു അമ്മ കുരങ്ങൻ കുഞ്ഞിനെ മുലയൂട്ടുന്ന കാഴ്ച്ച ഫ്രെയിമിലാക്കാൻ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ പുറത്തേക്കിറങ്ങി. ഞാനും ഒപ്പം കൂടി.
തൊട്ടരികിലൂടെ ഒലിച്ചിറങ്ങിയ പാറക്കെട്ടിലെ അരുവിയിൽ കാലുകൾ നനച്ചു. തണുപ്പിൽ ഉറഞ്ഞു തുടങ്ങിയ അരുവിയിലെ തണുപ്പ് വീര്യം കൂടിയ മദ്യത്തെ പോലെ സിരകളെ ത്രസിപ്പിച്ചു. ആദ്യ വനയാത്രയിലെ ആദ്യാനുഭവം. പഞ്ചേന്ദ്രിയങ്ങളിൽ ഓരോന്നിലും ഇനി കാട് മാത്രമേ ഉള്ളൂ.... കാടിന്റെ വന്യത മാത്രം..... വൈകിട്ട് എട്ടോടെ പുലയൻ പാറയിലെ കോട്ടേജിലെത്തുമ്പോഴേക്കും അപ്പുറം നിൽക്കുന്നയാളെ മറക്കുന്ന രീതിയിൽ കോടമഞ്ഞ് കനക്കുകയായിരുന്നു.
കാട്ടുപാഠങ്ങൾ പകർന്ന്
വനത്തെ സ്നേഹിക്കുന്ന സംരക്ഷിക്കാനാഗ്രഹിക്കുന്ന ഒരു കൂട്ടായ്മയുടെ ഭാഗമാവുകയായിരുന്നു ഞാൻ. ഒരേ ചിന്താഗതിയുമായി എത്തിയ പതിനാറു പേർ. അപരിചിതത്തിന്റെ മുഖം മൂടി മാറാൻ അധികം നേരം വേണ്ടി വന്നില്ല. സഹയാത്രികരെല്ലാം കാടിനെ കാമറയിലാക്കാൻ എത്തിയവർ. ക്യാമ്പിന്റെ സംഘാടകരും ഞങ്ങളും ഒരു മനസ്സായി. കാട്ടറിവുകൾ പകർന്ന് നൽകാൻ പത്രപ്രവർത്തകനായ ഗിരീഷ് ജനാർത്ഥനനും എത്തി. 'മഴുവെറിഞ്ഞുണ്ടായ കേരളം മഴു കൊണ്ടില്ലാതാവുകയാണോ?' എന്ന ചോദ്യം ഞങ്ങളുടെ മനസിലേക്കിട്ട് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.
നിമിഷ നേരത്തെ നിശബ്ദതയ്ക്ക് ശേഷം വിരഞ്ഞത് കാടിനെ സ്നേഹിക്കാനുള്ള സുധീഷ് തട്ടേക്കാട്, കണ്ണദാസൻ, ഹരീഷ് സുധാകർ എന്നിവരുടെ പാഠങ്ങളായിരുന്നു. നെല്ലിയാമ്പതിയുടെ ചൂരും ചൂടും അറിയാവുന്ന മൂന്നു പേർ. അവരാണ് ഈ യാത്രയുടെ തേരാളികൾ. പ്രകൃതിയെ മനുഷ്യൻ കവർന്നാൽ പ്രകൃതി മനുഷ്യനെ വിഴുങ്ങുമെന്ന് പറഞ്ഞു തന്ന സുധീഷ് തട്ടേക്കാട്. ഭൂമിക്കു കീഴിലുള്ള ഏതു പക്ഷിയെ കുറിച്ചും തട്ടേക്കാട്ട് കാരനായ സുധീഷിന് കാണാപാഠമാണ്. സുധീഷിന്റെ കണ്ണിൽ പെടാതെ പക്ഷികൾക്ക് പറന്നകലാൻ കഴിയില്ലെന്ന് ആദ്യ ദിവസം തന്നെ ഞങ്ങൾ തിരിച്ചറിഞ്ഞു. അത് ഏറ്റവും അനുഗ്രഹമായത് ഫോട്ടോഗ്രാഫർമാർക്കായിരുന്നു.
നെല്ലിയാമ്പതിയിലെ കാടിനെ തൊട്ടറിഞ്ഞ കാടിനു നടുവിലൂടെ രാവും പകലും ബുള്ളറ്റിൽ നടന്ന് കണ്ണദാസനെന്ന കണ്ണേട്ടൻ. നെല്ലിയാമ്പത്തിയിലെ ഓരോ ജീവജാലങ്ങൾക്കും കണ്ണേട്ടൻ സുപരിചിതനായിരുന്നു. പ്രകൃതിയിലേക്ക് അലിഞ്ഞ് ജീവിക്കുന്ന ഗവേഷണ വിദ്യാർത്ഥിയായ ഹരീഷ് സുധാകർ. കാടിനെ സംരക്ഷിക്കാൻ ജീവിതം ഉഴിഞ്ഞ് വച്ചവർ. അവരിലൂടെയാണ് ഞങ്ങളുടെ നെല്ലായാമ്പതിയാത്ര ആരംഭിക്കുന്നത്.
വനത്തിന്റെ മാറിലൂടെ
വെളുപ്പിന് ആറുമണിക്ക് യാത്രയാരംഭിക്കുമ്പോൾ തലേദിവസം മഞ്ഞിൽ മങ്ങിയ കാഴ്ച്ചകൾ കൂടുതൽ വ്യക്തമായി തെളിഞ്ഞു വന്നു. ഓറഞ്ച് ചെടികളും, കാപ്പിച്ചെടികളും, പാഷൻ ഫ്രൂട്ടും, തേയിലകളും ഇരുവശങ്ങളിലായി വിളഞ്ഞു നിൽക്കുന്ന റോഡിലൂടെ കാടിനെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. അവധി ദിവസമായതിനാൽ നെല്ലിയാമ്പതി സന്ദർശിക്കാനെത്തുന്നവരുടെ തിരക്കുണ്ടായിരുന്നു. അവരെല്ലാം ജീപ്പുകളിലായി ഞങ്ങളെ മറികടന്ന് പോയ് കൊണ്ടിരുന്നു.
മിന്നാം പാറ ചെക്ക് പോസ്റ്റ് കഴിഞ്ഞ് നീങ്ങുമ്പോൾ കണ്ണിനു മിന്നിൽ കാടെന്ന അത്ഭുത ലോകം തെളിയുകയായിരുന്നു. എണ്ണിയാൽ തീരാത്ത പല നിറത്തിലും തരത്തിലുമുള്ള മരങ്ങൾ, പുൽച്ചെടികൾ, കുറ്റിച്ചെടികൾ, അവയുടെ ഫലങ്ങൾ, പൂവുകൾ, കായുകൾ, ചെടികളിലും മണ്ണിലുമായി പേരുകൾ പോലും അറിയാത്ത അനവധി ചെറുജീവികൾ ചെറിയ പുൽചാടി മുതൽ അട്ടകൾ വരെ , പറന്നകന്നും മരങ്ങളിലും ഇരുന്ന് കാടിനെ ആസ്വദിച്ച് പാട്ടു പാടുന്ന ഒട്ടേറെ പക്ഷികൾ, കാടിന്റെ അധിപന്മാരായ മൃഗങ്ങൾ......
ഇരുളടഞ്ഞ കാട്ടു വഴികളിൽ ഇലകൾക്കിടയിലൂടെ ഇറങ്ങിയ പ്രകാശത്തെ പിന്തുടർന്നുള്ള യാത്ര ഞങ്ങളെ മലയോരം ചേർന്നൊരു ചെറുപാതയിലെത്തിച്ചു. ഭ്രമരം എന്ന സിനിമയിലൂടെ എല്ലാവർക്കും സുപരിചതമായ കാട്ടുപാത. ഒരു ജീപ്പിന് കടന്നു പോവാനുള്ള വീതി മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. അവിടെ നിന്ന് നോക്കിയാൽ കോടമഞ്ഞ് മലഞ്ചരിവുകളിലൂടെ അരിച്ചിറങ്ങുന്നത് കാണാം. എന്നാൽ തെല്ലും നേരം കൊണ്ട് ഞങ്ങൾക്കെന്നോണം വിരുന്നൊരുക്കി കോടമഞ്ഞ് തെല്ലൊന്നു മാറി നിന്നു. കാടൊരുക്കിയ മധുര സമ്മാനം ഗൈഡ് ഹരീഷ് സുധാകറിന്റെ കണ്ണിൽ തെളിയുകയായിരുന്നു. ഒരു അമ്മ കരടിയും കുസൃതിക്കാരായ രണ്ടു കുഞ്ഞു ക്കരടികളും.
കുഞ്ഞിക്കരടികൾ ഒന്നിനു മുകളിലൊന്നായി കയറി കളിക്കുന്നത് ഫ്രെയിമിൽ പകർത്താനുള്ള തിരക്കായി . കരടി കുഞ്ഞുങ്ങളെ കണ്ട് കൊതി തീരാതെ നിൽക്കവേ നെല്ലിയാമ്പതികാടുകളെ അടക്കി വാഴുന്ന മലമുഴക്കി വേഴാമ്പലിന്റെ ചിറകടി ശബ്ദം ഞങ്ങളുടെ കാതുകളിലെത്തി. നീലാകാശത്തിനും പച്ചപാർന്ന മലനിരകൾക്കും കുറുകെ അവ ചിറകുകൾ നീട്ടി പറന്ന് ഇലപൊഴിഞ്ഞു നിൽക്കുന്ന മരത്തിന്റെ ചില്ലകളിൽ അതിഥികൾക്കായി അത് സ്ഥാനം പിടിച്ചു. കൊക്കുകൾ ഉയർത്തി ചിറകുകൾ താഴ്ത്തിയുള്ള വേഴാമ്പലിന്റെ ഇരുപ്പു കണ്ടാൽ ഫോട്ടോയ്ക്കായി പോസ് ചെയ്തതാണെന്ന് ഒരു നിമിഷം തോന്നി. ജീവിതത്തിലാദ്യമായി സൗന്ദര്യം തുളുമ്പുന്ന വേഴാമ്പലിനെ മനസിന്റെ ഫ്രെയിമിൽ പകർത്തി ഞങ്ങൾ യാത്ര തുടർന്നു.
പാറക്കെട്ടിലൂടെ ഒഴുകിയെത്തിയ വെള്ളച്ചാട്ടം ആസ്വദിക്കുമ്പോഴാണ് മഞ്ഞുവീണ് തെന്നിയ പാറയ്ക്കു മുകളിലൂടെ നിരനിരയായി ഒരു കൂട്ടം വരയാടുകൾ . അവ അഭയാർത്ഥികളെ പോലെ തലയുയർത്തി താഴേക്ക് നോക്കുന്നുണ്ട്. ആദ്യം ആകാശത്തിലെ വട്ട പൊട്ടുകൾ പോലെ കാണപ്പെട്ട വരയാടുകൾ പിന്നീട് മലഞ്ചരിവിന് മുകളിൽ നിറയുകയായിരുന്നു.
കാഴ്ച്ചകൾ മതിയാവാതെ ഞങ്ങൾ ഷോള നിത്യഹരിത വനത്തിലൂടെയും നെല്ലിയാമ്പതിയിലെ പുൽമേടയിലൂടെയുമുള്ള മുന്നോട്ട് പോയി. യാത്രയിൽ വെള്ളി എറിയൻ (Black shouldered Kite ), കരിം ചെമ്പൻ (Black-and-Orange Flycatcher ), അറ്റക്കറുപ്പൻ (Blackthroated Munia ), നീലക്കിളി പാറ്റപിടിയൻ (Nilgiri Flycatcher), തുടങ്ങി മുപ്പതോളം പക്ഷികൾ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർമാരുടെ ഫ്രെയിമിൽ പതിഞ്ഞു. വാക്കുകൾക്കതീതമായ പ്രകൃതിദൃശ്യം സമ്മാനിച്ച മലനിരകളും താഴ്വരകളും നിറഞ്ഞ കാരാച്ചുരി മലയിലിരുന്ന് വിശപ്പ് മാറ്റി. വൈകിട്ട് ആറു മണിയോടെ 14 കിലോ മീറ്റർ പിന്നിട്ട് ഞങ്ങൾ ആനമട എസ്റ്റേറ്റിലെത്തി ചേർന്നു.
രാത്രി പതിനൊന്നു മണിയോടെ ചാർട്ട് ചെയ്യപ്പെടാത്ത ഒരു പരിപാടി കൂടി യാത്രയുടെ ഭാഗമായി. മരം കൊച്ചുന്ന തണുപ്പിൽ പാതിരാവിലൊരു ജീപ്പ് സഫാരി. അരമണിക്കൂർ നീണ്ട യാത്രയിൽ ഇരുട്ടിന്റെ മറവിൽ വിശ്രമിച്ച കാട്ടുപോത്തുകളുടെ തിളങ്ങുന്ന കണ്ണുകൾ കാമറ കണ്ണിലും ഒപ്പിയെടുക്കാനായത് അവിസ്മരണീയമായ അനുഭവമായി.
അട്ടകൾ നിറഞ്ഞ വഴികളിലൂടെയുള്ള രണ്ടാം ദിവസത്തെ യാത്ര അവസാനിച്ചത് മഞ്ഞു മൂടിയ വരയാട്ടു മലയുടെ മുകളിലായിരുന്നു. സമുദ്രനിരത്തിൽ നിന്ന് ഏകദേശം 1500 മീറ്റർ ഉയരത്തിലാണ് വരയാട്ടു മല. അവിടെ നിന്ന് നോക്കിയാൽ പറമ്പിക്കുളം കരിമല,വാൽപ്പാറ മലനിരകൾ, നെല്ലിയാമ്പതി മാൽമ്പാറ എന്നിവ വ്യക്തമായി കാണാം. മഞ്ഞിൽ കുളിച്ച് മണിക്കൂറുകളോളം അവിടെ ചിലവിട്ട് കണ്ടു മതിയാവാതെ തിരികെ പോരുമ്പോൾ മനസിൽ ആദ്യ ദിവസം ഹരീഷ് സുധാകർ പറഞ്ഞ വാക്കുകളായിരുന്നു. 'കാടിനുള്ളിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ഒരു ഇലയ്ക്ക് പോലും മാറ്റമുണ്ടാവാതെ കാടിനെ പഴയെ പോലെ പിറകിൽ ഉപേക്ഷിക്കുക'. ഞാൻ പിറകിലേക്ക് തിരിഞ്ഞു നോക്കി. എനിക്ക് പുറകിൽ ഓരോ അണുവിലും ജീവന്റെ തുടിപ്പേന്തിയ കാട് അടുത്ത തലമുറയ്ക്കുള്ള പച്ചപ്പിന്റെ നിധിയും കാത്തുവച്ചങ്ങനെ നിൽപ്പുണ്ട്.




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ