2024 ഡിസംബർ 29, ഞായറാഴ്‌ച

 


നടന്നു തുടങ്ങും തോറും ദൂരം പിന്നോട്ടേക്കൊഴുകുന്നൊരു കാലത്തിലാണ് ഞാൻ.... തൊട്ടപ്പുറത്തിരിക്കുന്ന മനുഷ്യൻ എന്റെ പ്രതിഭിംഭമാണ്. ഒരക്ഷരം പറയാതെ അയാളുടെ കൈയിഴകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന നിറങ്ങളിലേക്കാണ് എന്റെ ശ്രദ്ധ പായുന്നത്. നീല നിറത്തിനും മെലേ പടർന്നൊരു മഞ്ഞ... പക്ഷെ സൂക്ഷിച്ചു നോക്കിയാൽ നീലയും മഞ്ഞയുമല്ലാത്ത മറ്റൊരു നിറം കൈയിലാകെ പകടരുന്നത് കാണാം. ഞാൻ നിറങ്ങളുടെ അതിരുകൾ വീണ്ടും തിരയുകയാണ്. അവയ്ക്ക് അതിരുകളില്ലായിരുന്നു. ഒരുപക്ഷെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ നൽകുന്ന എന്റെ സ്വപ്നങ്ങൾ പോലെയോ അതുമല്ലെങ്കിൽ എന്റെ തന്നെ ആഗ്രഹങ്ങൾ പോലെയോ, വ്യക്തമായി അതിരിട്ട് തിരിക്കാൻ കഴിയാത്ത നിറങ്ങൾ എന്നെ മുന്നിൽ നീണ്ടു കിടക്കുന്ന പാതയെ ഓർമ്മപ്പെടുത്തി. 

പ്രായം കൂടും തോറും പ്രാർത്ഥിക്കുന്ന ആഗ്രഹങ്ങളിലുണ്ടാകുന്ന വ്യത്യാസം പോലെയാണ് മനസിന്റെ മനോവൃദകളും. കുഞ്ഞുനാളിൽ കണ്ണനെ കളിക്കൂട്ടുകാരനായും കൗമാരത്തിൽ കാമുകനായും നാൽപ്പതുകളിൽ ഭർത്താവായും വാർദ്ധക്യത്തിൽ മകനായും കാണുന്നതിലെ സാധൂകരിക്കാനാവാത്ത ഒരുതരം വസ്തുത  അതിലുണ്ട്.

 തോറ്റുപോകുമെന്ന് തോന്നുമ്പോഴൊക്കെ അക്ഷരങ്ങളെ ചേർത്തു പിടിക്കും. പാതിവായിച്ച പുസ്തകങ്ങൾ കൂട്ടിയിട്ടിരിക്കുന്ന മുറിയിൽ ഞാൻ വീണ്ടും എന്റെ പ്രീയപ്പെട്ട പുസ്തകം തിരയും.  ഉപേക്ഷിച്ച പോയവർക്ക് മുമ്പിൽ  വിജയം കൂടിയാണീ തേടൽ. വീണ്ടും ഞാൻ അവയെടുത്ത് മറിച്ചു നോക്കും.

മനസ് കലങ്ങി മറിയുമ്പോഴാണ് അക്ഷരം വരിക. അരക്ഷിതമായ മനസിൽ കുടിയിരുത്തിയ അക്ഷരങ്ങളെ എഴുതിത്തള്ളുമ്പോൾ വിഷാദം കൈവിരലുകളെയും മൂടും. എഴുത്തിലും സങ്കടം നിറയും....

വീണ്ടും വീണ്ടും ഒരു ബിന്ദുവിലേക്ക് കൂപ്പുകുന്നുവെന്ന് എന്നെ ഓർമ്മപ്പെടുത്തി എന്റെ അക്ഷരങ്ങൾ കൈവെള്ളയിൽ നിന്ന് തളർന്ന് വിഴുകയാണ്. എനിക്കൊന്ന് അവയെ എടുത്ത് അടക്കി വയ്ക്കണം.

എന്റെ ഉള്ളിലെ അനിശ്ചിതാവസ്ഥയ്ക്കാണ് ഞാനിന്ന് കൂട്ടിരിക്കുന്നത്. ചുറ്റുമുള്ളതെല്ലാം എന്നിലേക്കടുക്കുമ്പോഴും ഞാൻ ഒരേ ബിന്ദുവിൽ കേന്ദ്രീകരിച്ച് അനങ്ങാതെ ഇരിക്കുകയാണ്.

എഴുതിക്കൂട്ടന്നത് എന്താണെന്നും മനസിലുള്ള വിഷമത്തിന്റെ ആഴമെത്രയെന്നും അടുത്ത നിമിഷം ഞാൻ മറന്നു പോയേക്കാം. എന്നെ നോക്കിയിരിക്കുന്ന പ്രീയപ്പെട്ട പൂച്ചക്കുട്ടിക്ക് ഒരുപക്ഷെ മനസിന്റെ താളം തെറ്റുന്നതിന് മുന്നെയുള്ള എന്റെ സങ്കടം മനസിലാവുന്നുണ്ടാവും. അതെന്റെ കാലിന് താഴെ വന്ന് പതിയെ ചേർന്നു കിടക്കുന്നുണ്ട്. എനിക്ക് കരച്ചിൽ വരുന്നുണ്ട്. പക്ഷെ ഒച്ച പുറത്തേക്ക് വരുന്നില്ല. കൈകൾ കീപാഡിന് മുന്നിൽ ചലിക്കുന്നത് ഞാനറിയുന്നു. എന്റെ മനസിന്റെ നോവുകൾ വാക്കുകളാക്കുകയാണ്. പക്ഷെ നെഞ്ചിലെ കനം കൂടി വരുന്നു.

ആരെങ്കിലുമൊന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ ദൂരേക്കൊന്ന് കൂട്ടിക്കൊണ്ട് പോയി കുറച്ചു നേരം എന്റെ കൈയിൽ പിടിച്ചിരുന്നേൽ ഞാനൊന്ന് അലിഞ്ഞ് ഇല്ലാതാകുമായിരുന്നു. 

പക്ഷെ അവയക്കൊന്നും ഇടം തരാതെ എല്ലാവരും  പാതിയിൽ ഉപേക്ഷിച്ചു പോയി. എന്റെ സങ്കടം കണ്ട് ചേർത്തുപിടിച്ച മുറിക്കുള്ളിൽ മരണത്തിനെ കൂട്ടിന് വിളിച്ചു കാത്തിരിക്കുകയാണ് ഞാൻ.  തിരിച്ചു വരാൻ ഏതെങ്കിലുമൊരു വഴി കണ്ടുവച്ചിട്ടാവണം ഒരോ പടിയിറക്കങ്ങളും. വേദനിക്കുമ്പോൾ ചേർത്തു പിടിക്കാനും. നരവന്ന് തുടങ്ങിയ മുടിയിൽ വെറുതെയെങ്കിലും കൈയോടിക്കാനുമുള്ളത്ര സ്‌നേഹം ബാക്കി വച്ചായിരിക്കണം ഓരോ പടിയിറക്കങ്ങളും. പക്ഷെ അകലങ്ങളുണ്ടാക്കിയ മുറിവുകൾ നീറിപ്പുകയുമ്പോഴും ഞാനിതാ അവ്യക്തമായ ചിത്രങ്ങളിലും വ്യക്തത തേടുന്നു. മഴക്കാലത്തിലെ ഇരമ്പം ഇറങ്ങിപ്പോക്കിന്റെ വേദനയുടെ ആക്കം ഇപ്പോൾ കൂട്ടുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  നടന്നു തുടങ്ങും തോറും ദൂരം പിന്നോട്ടേക്കൊഴുകുന്നൊരു കാലത്തിലാണ് ഞാൻ.... തൊട്ടപ്പുറത്തിരിക്കുന്ന മനുഷ്യൻ എന്റെ പ്രതിഭിംഭമാണ്. ഒരക്ഷരം പറയാത...