2016 ജനുവരി 2, ശനിയാഴ്‌ച

നിന്റെ പട്ടണം

ഒത്തിരി തവണ നടന്ന് പരിചിതമായ വഴികളിലൂടെ തനിയെ സഞ്ചരിച്ച് തുടങ്ങിയപ്പോൾ കാലുകൾ വിറയ്ക്കുന്നുണ്ടോ എന്നൊരു സംശയം..... ഏറ്റവും പ്രിയങ്കരമായിരുന്ന പട്ടണത്തിൽ വീണ്ടും എത്തപ്പെട്ടിരിക്കുന്നു. ചീറി പാഞ്ഞു പോവുന്ന തീവണ്ടിയുടെ ശബ്ദം പതിയെ താഴുന്നു വന്ന് ഇല്ലാതെയായി.  സന്ധ്യയാവുന്നതിനാൽ പട്ടണം വിട്ടൊഴിഞ്ഞ് ഗ്രാമത്തിലിക്ക് ചേക്കേറാനുള്ള ജനങ്ങളുടെ തിരക്കുണ്ടിവിടെ... ഏറിയ പങ്കും അന്യനാട്ടുകാരാണ്..... വല്ലാത്തൊരു അപരിചിതത്വം മൂടൽ മഞ്ഞ് പോലെ പൊതിഞ്ഞു. അലഞ്ഞ് തിരിഞ്ഞ് അവസാനം അവന്റെ പട്ടണത്തിൽ വീണ്ടും എത്തിയിരിക്കുന്നു.....
ഇനിയൊരു യാത്ര ഇങ്ങോട്ടേക്കില്ലെന്ന് മനസിൽ ഉറപ്പിച്ചാണ് വിടപറഞ്ഞത്. എന്നിട്ടും എന്തിനാണീ മടക്കമെന്ന് വഴി മരങ്ങൾ പോലും ചോദിക്കുന്നതായി തോന്നി. അറിയില്ലെന്ന് മനസിൽ മറുപടി പറഞ്ഞു...... പണ്ടു മുതൽ എന്ത് ചോദ്യത്തിനും കൈയിലുണ്ടായിരുന്ന ഏക മറുപടി അറിയില്ല എന്നതായിരുന്നു. പറഞ്ഞ് പഴകിയ ഒന്ന്.....
നടന്ന് നീങ്ങുമ്പോൾ മുന്നിലെ കാഴ്ച്ചകളെയെല്ലാം കണ്ണീർതുള്ളി മറയ്ക്കുന്നു.... നടന്ന് പഴകിയ വഴിയിലൂടെ മുന്നോട്ട് നീങ്ങവേ പട്ടണത്തിന്റെ മുക്കും മൂലയും പരിചയം പുതുക്കി. ഓരോ തവണയും ഹൃദയം തകർക്കുന്ന വേർപാടിന് വേദിയായിടത്താണ്  നിൽക്കുന്നത്. ഓരോ യാത്രയുടെയും തുടക്കവും ഒടുക്കവും ഇവിടെയാണ്... പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ളൊരു പൊളിഞ്ഞ് വീഴാറായ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്.....  ലക്ഷ്യസ്ഥാനം തേടി ഇവിടം വഴി കടന്നു പോകുന്നവരും നിരവധി.....
ഏറെ വൈകിയും പരസ്പരം പിരിയാനാവാതെ നിൽക്കുന്ന രണ്ടു പേരെ അവിടെ കണ്ടു. ഈ വേർപാട് നിനക്ക് ഒഴിവാക്കി കൂടെയെന്ന് അവർ പരസ്പരം കണ്ണുകളാൽ പറയുന്നതായി തോന്നി. തോന്നലല്ല അവർ പറയുന്നത് അത് മാത്രമാണ്... കാരണം പലപ്പോഴും ഇങ്ങനെ കേൾക്കാനും പറയാനും കൊതിച്ച് ഇവിടെ നിന്നിട്ടുണ്ട് ..... ആളൊഴിഞ്ഞിടത്ത് ആരും കാണാതെ കൈ ചേർത്തു പിടിച്ചിരിക്കുന്ന ഇരിപ്പിടങ്ങൾ ശൂന്യമാണ്. അവസാനത്തെ കൂടി കാഴ്ച്ചയിൽ ഇവിടെ ഇരുന്ന് സങ്കടം നിയന്ത്രിക്കാനാവാതെ പൊട്ടി കരഞ്ഞത് വെറുതെ ഓർത്തു. ആ കണ്ണുനീരിന് ആത്മാർത്ഥത കുറഞ്ഞു പോയിട്ടുണ്ടാവുമോ? അറിയില്ല. അവസാനമായി പറഞ്ഞ വാക്കുകൾ എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. കാണാം എന്നാവാം.. പക്ഷെ പിന്നീട് ഒരിക്കലും കണ്ടതുമില്ല...
മാസത്തിലൊരിക്കലെങ്കിലും പതിവായി എത്തിയിരുന്ന പട്ടണം. ഇവിടുത്തെ തിരക്കു പോലും ഒരിക്കൽ പ്രീയപ്പെട്ടതായിരുന്നു. ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് എന്നെ മാത്രം തിരയുന്ന കണ്ണുകളെ നിരവധി തവണ കുസൃതിയോടെ നോക്കി നിന്നിട്ടുണ്ട്. ഇവിടെയെത്തുമ്പോൾ കാലുകൾക്ക് വേഗം കൂടും, ഹൃദയമിടിപ്പിന്റെ താളം പോലും കാതുകളിൽ ഇടിമുഴക്കമുണ്ടാക്കൂം... ഓടി തളർന്ന് നിന്റെ പട്ടണത്തിലെത്തുമ്പോഴുണ്ടാകുന്ന സന്തോഷം വാക്കുകൾക്കതീതമായിരുന്നു..... കണ്ണുകളിൽ നിറഞ്ഞ് അതങ്ങനെ ആയിരം പൂർണ്ണ ചന്ദ്രനുദിച്ച പോലെ മുഖത്ത് നിറയും.
അതിയായ ആഗ്രഹത്തോടെ ഞാനടുക്കലെത്തുമ്പോൾ അത്ഭുതമൂറുന്ന കണ്ണുമായി നീയവിടെ കാത്തിരിപ്പുണ്ടായിരിക്കും. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നിഷ്കളങ്കമായി ചിരിക്കുന്ന ഒരാൾ. ആളെമയക്കുന്ന ചിരിയ്ക്ക് ഉടമയായിട്ടുള്ളവന്റെ പക്കലെത്തുമ്പോൾ പറയാൻ സ്വരുക്കൂട്ടിയ പരിഭവങ്ങളും, പരിവേദനങ്ങളും മറന്നിട്ടുണ്ടാകും. കൈവിരലിൽ തൂങ്ങി അവന്റെ പട്ടണത്തിലൂടെ പതിയെ നടക്കും അതായിരുന്നു പതിവ്. അവന്റെ ചുംബനങ്ങൾ ഏറ്റുവാങ്ങും.... വർഷങ്ങൾക്കിപ്പുറം ഓർക്കാപ്പുറത്ത് എന്നെ മയിൽപ്പിലീയാക്കിയ ആ ചുംബനം തേടിയാണ് ഈ പട്ടണത്തിലെത്തിയത്. നമ്മളിൽ നിന്ന് നീയും ഞാനുമായി വേർപ്പെട്ടു പോയിടത്ത് നഷ്ടങ്ങളുടെ കണക്കെടുക്കുകയാണ് ഞാൻ. നിന്റെ പട്ടണത്തിൽ നിന്ന് എനിക്ക് നഷ്ടമായത് ആരും കാണാതെ നീ നൽകിയിരുന്ന ചുംബനങ്ങൾ മാത്രമായിരുന്നെന്ന് തിരിച്ചറിയുന്നു......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  നടന്നു തുടങ്ങും തോറും ദൂരം പിന്നോട്ടേക്കൊഴുകുന്നൊരു കാലത്തിലാണ് ഞാൻ.... തൊട്ടപ്പുറത്തിരിക്കുന്ന മനുഷ്യൻ എന്റെ പ്രതിഭിംഭമാണ്. ഒരക്ഷരം പറയാത...