ചാളെയെന്ന ഒരു വിളിയിൽ വാത്സല്യമെല്ലാം ഒളിപ്പിച്ചയാൾ. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സ്‌നേഹമുള്ള മനുഷ്യൻ. അതിലുപരി മറ്റുള്ളവരുടെ വിഷമങ്ങളറിയാവുന്ന പാവം നാട്ടിൻപുറത്തുകാരൻ. ഒരാളുടെ വീഴ്ച്ചയിൽ മറ്റുള്ളവർ കാഴ്ച്ചക്കാരായി കൈകൊട്ടി ചിരിച്ചപ്പോൾ എനിക്കൊപ്പം അവളും ഒന്നുമല്ലാതായല്ലോ എന്നോർത്ത് ഉറക്കെ കരഞ്ഞൊരാൾ.....
ആദ്യം പരിചയപ്പട്ടപ്പോൾ നിഷ്‌കളങ്കമായ ചിരിയോടെ എന്നോട് പേര് ചോദിച്ചത് ഇന്നും ഓർക്കുന്നു. ഷാലറ്റല്ല നിന്നെ ചാളയെന്ന് വിളിക്കാം... അതാണ് നിനക്ക് ചേരുന്ന പേര്.... പണ്ടൊക്കെ അടുത്ത സുഹൃത്തുക്കൾ പോലും കളിയാക്കി വിളിക്കുമ്പോൾ ഇത്രയേറെ ഈർഷ്യ തോന്നിയിട്ടുള്ള മറ്റൊരു വാക്കില്ല. കൊച്ചിക്കാരി പെൺകുട്ടികൾക്ക് സ്ഥിരം കിട്ടുന്ന ഇരട്ടപേരുകളിൽ ഒന്ന്. പക്ഷെ അന്ന് അപരിചിതനായിട്ടു പോലും അയാളുടെ വിളി എന്നെ ദേഷ്യപ്പെടുത്തിയില്ല. പകരം ചിരിച്ചു കാട്ടി.... പിന്നീട് പലപ്പോഴും കാണുമ്പോൾ ആൾ കൂട്ടം പോലും നോക്കാതെ ആ പേര് നീട്ടി വിളിച്ചെന്ന കളിയാക്കൽ പതിവായിരുന്നു ഒരിക്കൽ പോലും മുഖം വീർപ്പിക്കാതെ ഞാൻ അതിന് എന്തോ എന്ന് വിളികേൾക്കുകയും ചെയ്യും. ആ വിളിയിലെ സ്‌നേഹവും കരുതലും അനുഭവിക്കുമ്പോൾ എതിർക്കാൻ തോന്നിയിരുന്നില്ല.
പെട്ടിയും കിടക്കയും കൂട്ടികെട്ടി നിറഞ്ഞ കണ്ണുമായി യാത്രപറയാൻ നിൽക്കുമ്പോൾ തന്നേക്കാൾ ഏറെ ആ മനുഷ്യൻ ചിന്തിച്ചതും കരഞ്ഞതും എന്നെ ഓർത്താണെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. നിനക്ക് തരാൻ കൊച്ചെ എന്റെ കൈയിൽ ഒന്നുമില്ലല്ലേടീ എന്ന് ഉറക്കെ പറഞ്ഞ് പോയ ആ മനുഷ്യൻ തിരിച്ചെത്തിയത് കൈയിൽ എനിക്കുള്ള സമ്മാനവുമായിട്ടായിരുന്നു. എന്റെ ജീവിതത്തിൽ ആദ്യമായി കിട്ടിയ സ്‌നേഹ സമ്മാനം. എന്താണെന്ന് പോലും നോക്കാതെ അതെന്റെ കൈയിലേൽപ്പിച്ച് ഇത് നിനക്കുള്ളതാണെന്ന് പറഞ്ഞ് എന്നെ ചേർത്ത് നിർത്തി ആ മനുഷ്യൻ പൊട്ടികരഞ്ഞു. ഇന്നും കാലമിത്ര കഴിഞ്ഞിട്ടും കണ്ണീരിന്റെ ഉപ്പും സ്‌നേഹത്തിന്റെ മധുരവുമുള്ള അതുപോലൊരു സമ്മാനം എനിക്കാരും നൽകിയിട്ടില്ല സന്ദീപേട്ടാ.... നിങ്ങളെ പോലെ ഒരാളെ ജീവിതത്തിൽ പിന്നീടിങ്ങോട്ട് കണ്ടു മുട്ടിയതുമില്ല.... നിങ്ങളുടെ മനസിലെ നന്മ കൊണ്ടാവാം ഇന്ന് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്തത്....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ