2016 ജൂലൈ 4, തിങ്കളാഴ്‌ച

ശസ്ത്രക്രിയ ചെയ്തിടത്ത് ബൂട്ടിട്ടു ചവിട്ടി അവർ ആനന്ദിച്ചു



 ''എന്റെ മകളെ തല്ലരുതെന്ന് കാലുപിടിച്ചു പറഞ്ഞിട്ടും അവർ കേട്ടില്ല. അവളുടെ ശരീരത്തിൽ ലിംഗ മാറ്റശസ്ത്രക്രിയ ചെയ്ത ഭാഗത്ത് നിന്ന് ചോരയൊലിച്ചിട്ടും പൊലീസുകാർ ലാത്തികൊണ്ട് കുത്തുകയും ബൂട്ടിട്ടു ചവിട്ടുകയും ചെയ്തു. ശരീരം പോലും അനക്കാൻ കഴിയില്ലെന്ന് മനസിലാക്കിയിട്ടും ആണാണോ, പെണ്ണാണോ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. ഒപ്പം അസഭ്യവാക്കുകളും."" തന്റെ ദത്ത്പുത്രി പൂർണയ്ക്ക് ഏൽക്കേണ്ടി വന്ന പീഡനത്തെ കുറിച്ച് പറയുമ്പോൾ ആയിഷയുടെ കണ്ണുകൾ നറഞ്ഞൊഴുകി.
ശസ്ത്രക്രിയയ്ക്ക് ശേഷം അനങ്ങാൻ പോലും പാടില്ലാത്തതാണെന്ന് പലതവണ പൊലീസുകാരോട് പറഞ്ഞപ്പോൾ ശരീരം പ്രദർശിപ്പിക്കാനായിരുന്നു ആവശ്യം. വനിതാ പൊലീസിന്റെ സാന്നിദ്ധ്യമില്ലാതെ പരിശോധിക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോഴാണ് പൂർണയെ മർദ്ദിച്ചത്. അവിടെ എത്തിയ തന്നെയും പൊലീസ് മർദ്ദിച്ചതായി അയിഷ പറഞ്ഞു. കൈകാലുകളിലും തുടയിലും പൊലീസ് ബൂട്ടിട്ടു ചവിട്ടിയതിന്റെ പാടുകളുൾ അവർ കാണിച്ചു. മുതുകിലും ലാത്തികൊണ്ട് അടിയേറ്റിട്ടുണ്ട്.
രണ്ട് മാസം മുമ്പാണ് ആയിഷയുടെയും ശസ്ത്രക്രിയ കഴിഞ്ഞത്. നടുവിന് ലാത്തികൊണ്ട് അടിയേറ്റതിനാൽ കിടക്കാൻ പോലും കഴിയുന്നില്ല.
നിർത്തിയിട്ട വാഹനത്തിന് സമീപത്തെത്തിയ ഭിന്നലിംഗക്കാർ പ്രകോപന പരമായി സംസാരിച്ചതായി പൊലീസ് പറയുന്നു. ലൈംഗിക തൊഴിലാളിയാണെന്ന് പേരിലായിരുന്നു മർദ്ദനം. ഹരിണിയുടെയും ആയിഷയുടെയും ദത്ത് പുത്രിയാണ് പൂർണി. ബാംഗ്ലൂരിൽനിന്നെത്തിയ ഹണിയെ കൂട്ടികൊണ്ടുവരാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴിയായിരുന്നു സംഭവം.
ഹിജഡ വേഷം കെട്ടി ട്രെയിനുകളിൽ പിരിവ് നടത്തുന്ന അന്യസംസ്ഥാനക്കാർക്ക് എതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് പൊലീസ് തങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന് ആയിഷ പറയുന്നു.
''ജോലി തരാൻ പോയിട്ട് വെളിച്ചത്ത് കാണുന്നത് പോലും വെറുക്കുന്ന സമൂഹത്തിൽ ഞങ്ങൾ എങ്ങിനെ ജീവിക്കാൻ. ഒരു നേരത്തെ അന്നത്തിന് ഇതേ വഴിയുള്ളൂ... ഞങ്ങളെ അതിന്റെ പേരിൽ കൊന്നാലും ഒന്നും പറയാനില്ല."" ആയിഷ കൂട്ടിച്ചേർത്തു.

1 അഭിപ്രായം:

  നടന്നു തുടങ്ങും തോറും ദൂരം പിന്നോട്ടേക്കൊഴുകുന്നൊരു കാലത്തിലാണ് ഞാൻ.... തൊട്ടപ്പുറത്തിരിക്കുന്ന മനുഷ്യൻ എന്റെ പ്രതിഭിംഭമാണ്. ഒരക്ഷരം പറയാത...