
ലക്ഷ്യമില്ലാതെ നീളുന്ന ഈ യാത്രയിൽ എനിക്ക് നീയായ് മാറണം. നിന്റെ കണ്ണാടി ബിംബം പോലെ..... നീ ചിരിക്കുന്ന പോലെ, ദേഷ്യപ്പെടുന്ന പോലെ, പ്രണയിക്കുന്ന പോലെ..... നീ സങ്കടപ്പെടുന്ന പോലെ എന്ന് പറയാൻ അതുവരെ അങ്ങനൊരു വികാരം ഞാൻ നിന്നിൽ കണ്ടിട്ടില്ല. ഏതു പ്രശ്നത്തെയും ചിരിച്ച് കൊണ്ട് നേരിടുന്ന നിന്നെയാണ് എനിക്ക് സുപരിചിതം. നിന്റെ എല്ലാം സ്വഭാവങ്ങളും എന്നിൽ നിറയണം. അടുത്തിടപഴകിയ ചങ്ങാതിയ്ക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം ഒരു പരകായ പ്രവേശം.
മനസ് നിറഞ്ഞ് കരകവിഞ്ഞൊഴുകുന്ന പ്രണയത്തെ പുറമേ കാട്ടാതെ പരുഷമായി പെരുമാറണം...... പരസ്പരമുള്ള ചോദ്യോത്തര മത്സരങ്ങളിൽ, ഇത്തരം ബാലിശമായവയ്ക്ക് മറുപടി പറയാറില്ലെന്ന് പറഞ്ഞ് നിന്നെ ചൊടിപ്പിക്കണം..... സ്നേഹ പ്രകടനങ്ങളുടെ ആക്കം കൂടുമ്പോൾ കണ്ണിനുള്ളിൽ തെളിയുന്ന ഇഷ്ടം പുറത്തു കാണാതിരിക്കാനൊരു കള്ള ചിരി പാസാക്കണം...... സ്നേഹത്തിലും പിശുക്ക് കാട്ടുന്നുവോ എന്ന് പരാതി പറയുമ്പോൾ നെഞ്ചിൽ ചേർത്തിരുത്തി ഇത്രം സ്നേഹം മതിയോ എന്ന് ചോദിക്കണം.......
കണ്ണുകൾ തമ്മിലുടക്കുമ്പോൾ പറയാൻ മറന്ന നൂറു കാര്യങ്ങൾ ഒരു വാക്കും ഉരിയാടാതെ പങ്കുവയ്ക്കണം....... പരിഭവങ്ങളും പിണക്കങ്ങളും കൂടുമ്പോൾ എനിക്കിതൊന്നും പ്രശ്നമല്ലെന്ന് കള്ളം പറയണം...... കാണാനുള്ള ആഗ്രഹം മനസിലൊതുക്കി തിരക്കാണെന്ന് വരുത്തി തല്ലുകൂടണം....... ആരും കാണാതെ നിന്റെ നെറ്റിയിൽ ഉമ്മ വെയ്ക്കണം.... മണിക്കൂറുകളോളം ഒന്നും പറയാതെ കൈയിൽ പിടിച്ച് ചേർന്നിരിക്കണം..... പരാതികളുടെ കെട്ടഴിക്കുമ്പോൾ ഞാൻ കൂടില്ലേ എന്നു പറഞ്ഞ് നിന്നെ ചേർത്തുപിടിക്കണം.....
"ഞാൻ ഇപ്പോ നിന്നെ പോലെയായില്ലേ??? " എന്ന് ചോദിക്കുമ്പോൾ പതിവ് പോലെ നീ പൊട്ടിച്ചിരിച്ച് എന്നെ ആട്ടിയോടിക്കുമെന്നറിയാം... പക്ഷെ അപ്പോഴും നീ മനസിൽ പറയുന്നതെന്താണെന്ന് ഞാൻ പറയട്ടെ....
"എന്നിൽ അലിലിഞ്ഞ് ചേർന്ന് എന്റെ വാമഭാഗമായ നിനക്ക് പിന്നെ എന്റെ സ്വഭാവത്തിന്റെ, പെരുമാറ്റത്തിന്റെ ഒരു അംശമെങ്കിലും കിട്ടാതെ പോവുമോ പെണ്ണേ???? "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ