നീയില്ലായ്മ ബോധ്യപ്പെട്ടന്ന് മുതലാവാം അവളുടെ ജീവിതത്തിന്റെയും തുടക്കം.....
നീ വരുന്നതിന് മുമ്പുണ്ടായിരുന്നവളെയോ, അതിനു ശേഷമുള്ളവളെയോ എനിക്ക് പരിചയമേ ഇല്ല....
നീ സ്പർശിക്കുന്നതിന് മുമ്പുണ്ടായിരുന്ന ഒരുവളെ എനിക്ക് ഓർമ്മ പോലും ഇല്ല...
അന്നവൾ ചിരിക്കുമായിരുന്നോ??? കരഞ്ഞിരുന്നോ??? ആവോ...
പക്ഷെ അവൾക്കന്ന് മോഹങ്ങളോ സ്വപ്നങ്ങളോ ഉണ്ടാവാനിടയില്ല....
നീ നിന്നിലേക്ക് ചേർത്തണച്ചവളെ എനിക്ക് ഭയമായിരുന്നു....
നീയില്ലാതായാൽ അവൾ തകർന്നു പോവുമെന്ന് ഞാൻ ഭയന്നു....
നിന്റെ അഭാവം അവളെ ഉന്മാദത്തിന്റെ കയങ്ങളിലേക്ക് വലിച്ചെറിയുമെന്നും....
പക്ഷെ അവൾ നമ്മെ രണ്ടാളെയും അത്ഭുതപ്പെടുത്തി.....
നീയില്ലായ്മയെ അവൾ തരണം ചെയ്തിരിക്കുന്നു....
ഒന്നുമില്ലായ്മ പോലെയാണ് നീയില്ലായ്മയെന്നെഴുതിയ പെണ്ണിന് നിന്റെ മുഖം പോലും ഇന്ന് ഓർമ്മയില്ലത്രേ....
നീയുണ്ടായിരുന്നതിന്റെ ഏക അടയാളം ആദ്യചുംബനത്തിൽ ചുണ്ടുകൾക്കേറ്റ മുറിപ്പാട് മാത്രമായിരിക്കുന്നു....
നീയില്ലായ്മ അവൾക്ക് ഭ്രാന്ത് പകർന്നില്ല.. പകരം നീയിലായ്മയുമായി അവൾ ചങ്ങാത്തത്തിലായിരിക്കുന്നു.......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ