2024 ഡിസംബർ 29, ഞായറാഴ്‌ച

 


നടന്നു തുടങ്ങും തോറും ദൂരം പിന്നോട്ടേക്കൊഴുകുന്നൊരു കാലത്തിലാണ് ഞാൻ.... തൊട്ടപ്പുറത്തിരിക്കുന്ന മനുഷ്യൻ എന്റെ പ്രതിഭിംഭമാണ്. ഒരക്ഷരം പറയാതെ അയാളുടെ കൈയിഴകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന നിറങ്ങളിലേക്കാണ് എന്റെ ശ്രദ്ധ പായുന്നത്. നീല നിറത്തിനും മെലേ പടർന്നൊരു മഞ്ഞ... പക്ഷെ സൂക്ഷിച്ചു നോക്കിയാൽ നീലയും മഞ്ഞയുമല്ലാത്ത മറ്റൊരു നിറം കൈയിലാകെ പകടരുന്നത് കാണാം. ഞാൻ നിറങ്ങളുടെ അതിരുകൾ വീണ്ടും തിരയുകയാണ്. അവയ്ക്ക് അതിരുകളില്ലായിരുന്നു. ഒരുപക്ഷെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ നൽകുന്ന എന്റെ സ്വപ്നങ്ങൾ പോലെയോ അതുമല്ലെങ്കിൽ എന്റെ തന്നെ ആഗ്രഹങ്ങൾ പോലെയോ, വ്യക്തമായി അതിരിട്ട് തിരിക്കാൻ കഴിയാത്ത നിറങ്ങൾ എന്നെ മുന്നിൽ നീണ്ടു കിടക്കുന്ന പാതയെ ഓർമ്മപ്പെടുത്തി. 

പ്രായം കൂടും തോറും പ്രാർത്ഥിക്കുന്ന ആഗ്രഹങ്ങളിലുണ്ടാകുന്ന വ്യത്യാസം പോലെയാണ് മനസിന്റെ മനോവൃദകളും. കുഞ്ഞുനാളിൽ കണ്ണനെ കളിക്കൂട്ടുകാരനായും കൗമാരത്തിൽ കാമുകനായും നാൽപ്പതുകളിൽ ഭർത്താവായും വാർദ്ധക്യത്തിൽ മകനായും കാണുന്നതിലെ സാധൂകരിക്കാനാവാത്ത ഒരുതരം വസ്തുത  അതിലുണ്ട്.

 തോറ്റുപോകുമെന്ന് തോന്നുമ്പോഴൊക്കെ അക്ഷരങ്ങളെ ചേർത്തു പിടിക്കും. പാതിവായിച്ച പുസ്തകങ്ങൾ കൂട്ടിയിട്ടിരിക്കുന്ന മുറിയിൽ ഞാൻ വീണ്ടും എന്റെ പ്രീയപ്പെട്ട പുസ്തകം തിരയും.  ഉപേക്ഷിച്ച പോയവർക്ക് മുമ്പിൽ  വിജയം കൂടിയാണീ തേടൽ. വീണ്ടും ഞാൻ അവയെടുത്ത് മറിച്ചു നോക്കും.

മനസ് കലങ്ങി മറിയുമ്പോഴാണ് അക്ഷരം വരിക. അരക്ഷിതമായ മനസിൽ കുടിയിരുത്തിയ അക്ഷരങ്ങളെ എഴുതിത്തള്ളുമ്പോൾ വിഷാദം കൈവിരലുകളെയും മൂടും. എഴുത്തിലും സങ്കടം നിറയും....

വീണ്ടും വീണ്ടും ഒരു ബിന്ദുവിലേക്ക് കൂപ്പുകുന്നുവെന്ന് എന്നെ ഓർമ്മപ്പെടുത്തി എന്റെ അക്ഷരങ്ങൾ കൈവെള്ളയിൽ നിന്ന് തളർന്ന് വിഴുകയാണ്. എനിക്കൊന്ന് അവയെ എടുത്ത് അടക്കി വയ്ക്കണം.

എന്റെ ഉള്ളിലെ അനിശ്ചിതാവസ്ഥയ്ക്കാണ് ഞാനിന്ന് കൂട്ടിരിക്കുന്നത്. ചുറ്റുമുള്ളതെല്ലാം എന്നിലേക്കടുക്കുമ്പോഴും ഞാൻ ഒരേ ബിന്ദുവിൽ കേന്ദ്രീകരിച്ച് അനങ്ങാതെ ഇരിക്കുകയാണ്.

എഴുതിക്കൂട്ടന്നത് എന്താണെന്നും മനസിലുള്ള വിഷമത്തിന്റെ ആഴമെത്രയെന്നും അടുത്ത നിമിഷം ഞാൻ മറന്നു പോയേക്കാം. എന്നെ നോക്കിയിരിക്കുന്ന പ്രീയപ്പെട്ട പൂച്ചക്കുട്ടിക്ക് ഒരുപക്ഷെ മനസിന്റെ താളം തെറ്റുന്നതിന് മുന്നെയുള്ള എന്റെ സങ്കടം മനസിലാവുന്നുണ്ടാവും. അതെന്റെ കാലിന് താഴെ വന്ന് പതിയെ ചേർന്നു കിടക്കുന്നുണ്ട്. എനിക്ക് കരച്ചിൽ വരുന്നുണ്ട്. പക്ഷെ ഒച്ച പുറത്തേക്ക് വരുന്നില്ല. കൈകൾ കീപാഡിന് മുന്നിൽ ചലിക്കുന്നത് ഞാനറിയുന്നു. എന്റെ മനസിന്റെ നോവുകൾ വാക്കുകളാക്കുകയാണ്. പക്ഷെ നെഞ്ചിലെ കനം കൂടി വരുന്നു.

ആരെങ്കിലുമൊന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ ദൂരേക്കൊന്ന് കൂട്ടിക്കൊണ്ട് പോയി കുറച്ചു നേരം എന്റെ കൈയിൽ പിടിച്ചിരുന്നേൽ ഞാനൊന്ന് അലിഞ്ഞ് ഇല്ലാതാകുമായിരുന്നു. 

പക്ഷെ അവയക്കൊന്നും ഇടം തരാതെ എല്ലാവരും  പാതിയിൽ ഉപേക്ഷിച്ചു പോയി. എന്റെ സങ്കടം കണ്ട് ചേർത്തുപിടിച്ച മുറിക്കുള്ളിൽ മരണത്തിനെ കൂട്ടിന് വിളിച്ചു കാത്തിരിക്കുകയാണ് ഞാൻ.  തിരിച്ചു വരാൻ ഏതെങ്കിലുമൊരു വഴി കണ്ടുവച്ചിട്ടാവണം ഒരോ പടിയിറക്കങ്ങളും. വേദനിക്കുമ്പോൾ ചേർത്തു പിടിക്കാനും. നരവന്ന് തുടങ്ങിയ മുടിയിൽ വെറുതെയെങ്കിലും കൈയോടിക്കാനുമുള്ളത്ര സ്‌നേഹം ബാക്കി വച്ചായിരിക്കണം ഓരോ പടിയിറക്കങ്ങളും. പക്ഷെ അകലങ്ങളുണ്ടാക്കിയ മുറിവുകൾ നീറിപ്പുകയുമ്പോഴും ഞാനിതാ അവ്യക്തമായ ചിത്രങ്ങളിലും വ്യക്തത തേടുന്നു. മഴക്കാലത്തിലെ ഇരമ്പം ഇറങ്ങിപ്പോക്കിന്റെ വേദനയുടെ ആക്കം ഇപ്പോൾ കൂട്ടുന്നു.


2018 ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

മരണം

ചിലപ്പോഴൊക്കെ നമ്മുക്കൊരുമിച്ചൊരു മരണം സ്വപ്നം കാണണം....
ഒരുടലായി അടർത്തിമാറ്രാനാവാതെ കിടക്കുമ്പോൾ മുന്നറിയിപ്പില്ലാതെ എന്നിലേക്ക് ആർത്തിരമ്പിയെത്തുന്ന മരണം....
വെള്ളിനിറം പരക്കുന്ന എന്റെ മുടിയിഴകളിൽ നീ കൈയ്യോടിക്കുന്ന നേരം....
വരമായി നിന്നെ കിട്ടിയതിന്റെ കാക്കത്തൊള്ളായിരമാണ്ട് തികയുന്നന്ന്....
തമ്മിൽ കലഹിച്ചും സ്നേഹിച്ചും
കൊതിതീർന്നെന്ന് തോന്നുന്ന നിമിഷം...

എന്നിലെ കൊതികളൊന്നും തീരില്ലെന്ന ഉറപ്പോടെ നമ്മുക്കൊരു മരണക്കയത്തിൻ സ്വപ്നത്തിലേറാം....
തനിച്ചാക്കി കടന്നു പോവാൻ നമ്മിലൊരാൾക്കാവില്ലെന്ന തിരിച്ചറിവിലും മരണമെന്ന വാക്കിൽ നിന്റെ കണ്ണിലെ നിസഹായതയുടെ നിഴൽ കാണാൻ വേണ്ടി മാത്രം...
നമ്മുക്കൊരു മരണം സ്വപ്നം കാണാം....

ഗന്ധർവ്വ ഗീതങ്ങൾ 7

കണ്ണീരുണ്ട് മയങ്ങിയിരുന്ന തലയിണകൾ,
കഴിഞ്ഞ രാത്രിമുതൽ എന്തെല്ലാമോ പിറുപുറുക്കുന്നുണ്ട്....
കാക്കത്തൊള്ളായിരം പ്രകാശ വർഷങ്ങൾ താണ്ടിയെത്തിയ
മാന്ത്രികനെ കുറിച്ചാണവർ പുലമ്പുന്നത്... നെറുകിലേക്ക് ഒഴുകിയെത്തുന്ന കഴുത്തറ്റം നീണ്ട മുടിയുള്ള, തിളങ്ങുന്ന കണ്ണുകളുള്ളൊരാൾ... വേരറ്റുപോയ സ്വപ്‌നങ്ങളുടെ വിത്തുകളുമായി വിരുന്നെത്തിയ ആരോ...
ഇലയനക്കങ്ങളറിയാതെ മഴയേൽക്കാതെ നീർവറ്റിയ ഇടത്തിൽ ഒരുപാടിഷ്ടങ്ങൾ വിതച്ചിരിക്കുന്നു...
ഇനി അടുത്തൊരു മഴയ്ക്കായുള്ള കാത്തിരിപ്പാണ്....

ചില കണ്ടെടുക്കലുകൾ

വിഷാദത്തിന്റെ കലാപം പൊട്ടിപ്പുറപ്പെട്ട ഇരുട്ടിലാണ് നമ്മൾ ആദ്യമായി കണ്ടുമുട്ടിയത്, പുരാതനമായൊരു നഗരം കൊള്ളയടിക്കപ്പെട്ടപോൽ ഞാൻ ശൂന്യമായിരുന്നു.
വിലപിടിപ്പുള്ളതെല്ലാം പിടിച്ചെടുത്തിരിക്കുന്നു,
അവിടവിടെയായി ഓർമ്മകളുടെ പൊടിപ്പും തൊങ്ങലും മാത്രം....
മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷത്തിൽ
നിന്റെ നീലകണ്ണുകൾ തെളിഞ്ഞു, ചോര തളം കെട്ടിയ നിരത്തിൽ, പാതിയിൽ കൊഴിഞ്ഞു പോയതെന്തോ നീ തിരയുകയായിരുന്നു.
സ്വപ്നങ്ങളറ്റ്‌ കിടന്നിരുന്ന എന്നെ നീ കണ്ടെടുക്കുമ്പോൾ, നിന്നുയിർ പകുക്കുമ്പോൾ,
യുഗങ്ങൾ നീണ്ടൊരു അന്വേഷണം പൂർത്തിയാവുകയാണ്....

ഗന്ധർവൻ

ഒരേയൊരു ശ്വാസത്തിന്റെ ദൂരത്തിൽ,
എന്റെ നെഞ്ചിടിപ്പിന്റെ താളമളന്ന്
കൊതിപ്പിക്കുന്ന ഇലഞ്ഞിപ്പൂ ഗന്ധവുമായി അയാളെന്റെകൂടെയുണ്ട്.
പരിചിതമല്ലാത്ത ഏതോ ഭാഷയിൽ പേരു ചൊല്ലി വിളിക്കുന്നു. വാക്കുകളിൽ പ്രണയം രുചിക്കുന്നു.... നിശ്വാസങ്ങൾ പരസ്പരം പുണരുമാറ് അയാളെന്നെ ചേർത്തു പിടിച്ചിട്ടുണ്ട്... എന്റെ കൈപ്പടത്തിൽ വിരലോടിക്കുന്നു...
ഇടയ്ക്കിടെ നെറ്റിത്തടത്തിൽ ചുണ്ടുകൾ പടരുന്നു.
ആദ്യ പ്രണയത്തിലേതെന്ന പോലെ
ഞാൻ അയാളിലേക്ക് കൂപ്പുകുത്തുന്നു ....
മന്ത്രിക വലയത്തിന്റെ ഇഴകൾ അടുക്കുന്നു.... 

കഴുത്തറ്റം നീളുന്ന മുടിയിഴകളുള്ള ഗന്ധർവന്റെ അവസാന ഇരയാവുന്നു....

ഗന്ധർവ ഗീതങ്ങൾ 6

നിന്നെ ഞാൻ എങ്ങിനെയാണ് എന്നിൽ അടയാളപ്പെടുത്തേണ്ടത്.
നിന്നെ ഞാനെന്റെ ആദ്യ കുഞ്ഞായി അടയാളപ്പെടുത്തട്ടെ.
പിറന്നു വീഴും മുമ്പേ അടിവയറ്റിൽ നിന്ന് പറിച്ചെറിയേണ്ടി വന്ന
എന്റെ സ്ത്രീത്വത്തിന്റെ, നിസഹായതയുടെ ബാക്കിപത്രം.
പാലൂട്ടാനാവാതെ കല്ലിച്ച സ്തനങ്ങൾ പിന്നൊരിക്കലും ചുരത്താതെ പകരം വീട്ടും.
നീ മയങ്ങാൻ കൊതിച്ച ഗർഭപാത്രത്തിൽ ആയിരം കോശങ്ങൾ പെറ്റു കൂടും. കാലങ്ങളോളം നിന്നെ കാർന്നെടുത്ത മുറിവിൽ ചോര പൊടിയും.
ഇരുമ്പാണിയിൽ പിടയുന്ന ആത്മാവുപേക്ഷിച്ച്
വീണ്ടും വീണ്ടും നീയെന്നിൽ പുനർജ്ജനിക്കും.
എന്നെ മാതൃത്വത്തിന്റെ നോവറിയിക്കും..... 💚💚

ഗന്ധർവ ഗീതങ്ങൾ 5

താണ്ടിയ ദൂരത്തിലെല്ലാം നിന്റെ കാൽപാടുകളുണ്ടായിരുന്നു
കണ്ടുമുട്ടിയവരില്ലാം നിന്റെ പ്രതിബിംഭവും.
അതുമല്ലെങ്കിൽ ഇന്നോളം ഭ്രാന്തമായി തിരഞ്ഞതും നിന്നെയാവാം.....
നിന്നെ മാത്രം.
ഓരോ നാൽകവലയിലും കൂട്ടിമുട്ടി നീണ്ടു പോവുന്ന മണൽ പാതകൾ പോലെ,
നിന്നിലെത്തിയിട്ടും കാതങ്ങളോളം അലഞ്ഞു തിരിഞ്ഞു,
യാത്രകൾക്കൊടുക്കം നിന്നിൽ തിരിച്ചെത്തി നങ്കൂരമിടുമ്പോൾ
അശാന്തമായ ദിനരാത്രങ്ങൾക്കപ്പുറം ആടിയുലഞ്ഞൊരു ആഴക്കടൽ നീയെന്ന മാന്ത്രികന് അടിയറവ് പറയുകയാണ്.💚💚💚

ഗന്ധർവ ഗീതങ്ങൾ 4

നിഗൂഢ രഹസ്യങ്ങളുടെ തടവറയിലെ ആദ്യ അതിഥിയാണ് നീ...
ആരാലും പകുത്തെടുക്കാനാവാതത്ര ഓർമ്മകൾ ഇവിടെ പെറ്റുപെരുകി കിടപ്പുണ്ട്....
നിന്റെ നെഞ്ചിൽ എന്റെ ഉപ്പു പടരുമ്പോൾ
ഓർമ്മകളോരോന്നും എരിഞ്ഞടങ്ങും....
നിന്റെ താടിരോമത്തിലെ ഒറ്റനര പോലെ
ഞാൻ നിന്നോട് ചേർന്നു നിൽക്കും....
നിന്റെ ശ്വാസത്തിന്റെ ചൂടിലും ചൂരിലും
ഞാൻ വെന്തുരുകും ......
ഏഴു ജന്മങ്ങളിലായി കടം വച്ചു മറന്ന
ചുംബനങ്ങളായി നീ എന്നിൽ പെയ്തൊഴിയുക.....
ഞാനും നീയുമെന്ന ഇരു ദ്രുവങ്ങൾ
നമ്മളെന്ന ഇഷ്ടങ്ങളാൽ അടർത്തിമാറ്റാൻ കഴിയാത്തക്കവണ്ണം പരസ്പരം ബന്ധിക്കപ്പെടട്ടെ....

ഗന്ധർവ്വ ഗീതങ്ങൾ 3

ഉള്ളിലെല്ലാം ഭദ്രമെന്ന് ഊറ്റം കൊള്ളുന്ന ഒരുവളുടെ പ്രണയത്തെ
നീർച്ചുഴിയിൽ നിന്നെന്നവണ്ണം പിടിച്ചെടുത്തവനാണ് നീ...
തോന്നിയപടി മാറി മറിയുന്ന എന്നിലെ
വകഭേദങ്ങളോട് കൂറു പുലർത്തുന്നവൻ..
പരിഭവങ്ങളുടെ ചില്ലുപെട്ടി കിലുങ്ങി
തുടങ്ങുമ്പോൾ നീ കൂട്ടുകാരനാവും....
പ്രണയത്താൽ ചേർന്നിരിക്കുമ്പോൾ
നീയെന്റെ ഹൃദയത്തിന്റെ ഉടയോനാണ് .....
വാത്സല്യത്തിന്റെ തേനൂറുമ്പോൾ
എന്നിൽ പുനർജനിച്ച കുഞ്ഞായി
മാതൃത്വത്തിന് മറ്റൊരു മാനം നൽകും....
എന്റെ വാശികളോട് മല്ലിട്ട് തോൽക്കുമ്പോൾ
നീയെന്റെ കൂടപ്പിറപ്പോയെന്ന് അതിശയമൂറും ...
ദേഷ്യത്താൽ മഴകണക്കെ പെയ്തൊഴിയുമ്പോൾ
കർക്കശക്കാരനായൊരു ഗൃഹനാഥനാവും....
നീയെന്നിൽ ഇത്രമേൽ ഉഴചേർന്ന ആത്മപങ്കാളിയായിരിക്കെ
 എത്രയെത്ര ഭാവങ്ങളിലാണ് നിറഞ്ഞുകവിയുന്നത്.... 💚💚

ഗന്ധർവ്വ ഗീതങ്ങൾ 2

നീറി നീറി പുകയുന്ന അനിശ്ചിതത്വങ്ങളുടെ ചെങ്കൽ ചുളയിൽ നമ്മൾ
പാകപ്പെടേണ്ടതെന്നിരിക്കെ, ഒരോ കണ്ടുമുട്ടലുകൾക്കുമപ്പുറം, നീയെന്നിൽ
മറന്നു വച്ചു പോവുന്ന ശൂന്യതയിലാണ് ഞാൻ...
ഓരോ തവണ നിഷ്കരുണം നിന്നെ പിഴുതെറിയുമ്പോഴും
നിന്റെ വിരലിന്റെ തണുപ്പാണെനിക്ക്... പാകപ്പെടാതെ പോയ സ്വപ്നങ്ങളെന്ന പോലെ ആഴക്കടലിൽ നിന്ന് പുറത്തേക്ക്
വലിച്ചടുപ്പിക്കുന്ന നിന്റെ ഓർമ്മകൾ....നീ ചേർത്തണയ്ക്കാതെ നഷ്ടപ്പെടുത്തിയ
നിമിഷങ്ങളുടെ പരാതിപ്പെട്ടിയാണ് ഞാനിപ്പോൾ..... നിന്നോട് മാത്രം കലഹിക്കുന്ന പരാതിപ്പെട്ടി....

ഗന്ധർവ്വ ഗീതങ്ങൾ

കീഴ്ചുണ്ടിന് താഴെയുള്ള മറുകിൽ നീ വിരലോടിച്ചപ്പോഴാണ്
ഞാനാദ്യമായി നിന്നെ ശ്രദ്ധിച്ചത്...
നിന്റെ കണ്ണുകൾ സംവത്സരങ്ങൾ നീണ്ടൊരു ധ്യാനത്തിൽ നിന്ന് പടിയിറങ്ങിയ സന്യാസിയുടേത് പോൽ തീഷ്ണമായിരുന്നു....
പ്രണയത്തിനും കാമത്തിനുമിടയിൽ നിന്ന് പ്രണയത്തെ പകുത്തെടുക്കുന്നവന്റെ സൂഷ്മതയോടെ എന്റെ നിശ്വാസത്തെ അവഗണിച്ച് നിന്റെ ചുണ്ടുകളിപ്പോൾ കാക്കപ്പുള്ളികളുമായി കലഹിക്കുന്നു....
അവയ്ക്ക് ഉയിരുണ്ടായിരുന്നെങ്കിൽ നിന്റെ ചുംബനത്തിന്റെ ചൂരിൽ ദേഹത്താകെ പെറ്റുപെരുകിയേനേ....

  നടന്നു തുടങ്ങും തോറും ദൂരം പിന്നോട്ടേക്കൊഴുകുന്നൊരു കാലത്തിലാണ് ഞാൻ.... തൊട്ടപ്പുറത്തിരിക്കുന്ന മനുഷ്യൻ എന്റെ പ്രതിഭിംഭമാണ്. ഒരക്ഷരം പറയാത...